എല്ലാവർക്കും സമ്മതരായി ഒരിക്കലും ജീവിക്കാനാകില്ല. അവരവർക്ക് സമ്മതമാകുന്നത് ജീവിക്കാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യംതന്നെ. അത്രമാത്രം മറ്റുള്ളവരുടെ സമ്മതത്തിലും സമ്മർദ്ദത്തിലും ജീവിക്കേണ്ടിവരുന്ന ജീവിയാണ് മനുഷ്യൻ.

അനശ്വരതയെ സ്നേഹിക്കാൻ എളുപ്പമാണ്. അതിനിത്തിരി സങ്കല്പം മതി. പ്രപഞ്ചത്തെ പ്രണയിക്കാൻ എളുപ്പമാണ്. അതിനിത്തിരി അറിവു മതി. ദൈവത്തെ ആരാധിക്കാൻ എളുപ്പമാണ്. ഇത്തിരി ഭയമോ മോഹമോ മതി. എന്നാൽ തൊട്ടടുത്തിരിക്കുന്നവരെ സ്നേഹിക്കാൻ പ്രയാസമാണ്. അതിന് വില കൊടുക്കേണ്ടി വരും. നമ്മിലുള്ളതിൽ നിന്ന് ഒരു പങ്ക് അവർക്കായി ചിലവഴിക്കേണ്ടി വരും. അതുകൊണ്ടാവാം നാം മനുഷ്യരെയും മറ്റു സഹജീവികളെയും വിട്ട് ദൈവത്തെയും പ്രപഞ്ചത്തെയും ആത്മാവിനെയും സ്നേഹിക്കാൻ തീരുമാനിച്ചത്.

മനുഷ്യനിൽ നിന്ന് മനുഷ്യത്വത്തിലേക്കുള്ള യാത്രയാണ് എനിക്ക് ആത്മീയത

മതം സാമൂഹികമാണ്. ആത്മീയത വ്യക്തിപരവും. മതത്തിന്റെ മഹത്വം എണ്ണത്തിലാണെങ്കിൽ ആത്മീയതയുടെ മഹത്വം ഗുണത്തിലാണ്. ഒന്ന് ശക്തിയെ ബലപ്പെടുത്തുമ്പോൾ മറ്റേത് വിനയത്തിൽ അലിയുന്നു. ഒന്ന് വിഭജിക്കുമ്പോൾ മറ്റേത് കൂട്ടിച്ചേർക്കുന്നു. ഉന്നതമായ ആശയങ്ങൾ പേറുന്ന മതം അക്രമമാകുമ്പോൾ ഉന്നതമായ ആശയങ്ങൾ പേറുന്ന വ്യക്തി സമാധാനമാകുന്നു.

പിന്നിടേണ്ട ദൂരങ്ങൾ ഏറെയുണ്ടെന്ന അറിവാണ് വിനയം. അനുഗ്രഹങ്ങളെ തെളിഞ്ഞറിയലാണ് കൃതജ്ഞത. വിടരാൻ വെമ്പുന്ന വസന്തത്തെ കൺപാർക്കലാണ് ഉണർവ്. കണ്ണടഞ്ഞു പോകുകയും ഹൃദയം വിടരുകയും ചെയ്യുന്ന അനുഭവങ്ങൾക്കായുള്ള ദാഹമാണ് അന്വേഷണം. സർവ്വർക്കും സമാധാനം എന്ന വിതുമ്പലാണ് പ്രാർത്ഥന.

ശ്രദ്ധ പല വിഷയങ്ങളിലേക്ക് ചിതറിപ്പോകുന്ന ശ്രദ്ധ ഒന്നും പൂർത്തീകരിക്കാനാവാത്ത അവസ്ഥയിലേക്ക് നമ്മെ കൊണ്ടുപോകുമെന്നത് ഏവരുടെയും അനുഭവമാണ്. പൂർത്തീകരിക്കപ്പെടാത്ത കർമ്മങ്ങളുടെ നിലവിളികളാണ് അസ്വസ്ഥത എന്ന് ഗുരു നിത്യ പറഞ്ഞത് പ്രസക്തം. ഏറ്റവും അത്യാവശ്യമായ ഒന്നിൽ പരിപൂർണ്ണമായ ശ്രദ്ധ കൊടുത്ത്, കഴിയുന്നത്ര മനസ്സിനെ ധൃതി കൊണ്ട് അലോസരപ്പെടുത്താതെ, ആസ്വദിച്ച് ചെയ്തു തീർക്കാനുള്ള താല്പര്യം ബോധത്തിൽ ഉണരുമ്പോൾ അത് നമ്മെ മെല്ലെ കൊണ്ടെത്തിക്കുന്ന ഒരിടമുണ്ട്. ആ ശ്രദ്ധ സർഗ്ഗാത്മകമാണ്. ഭക്തി നിറഞ്ഞ താല്പര്യത്തോടെ ധൃതിയില്ലാതെ നാം ശ്രദ്ധയോടെ കർമ്മനിരതരാകുമ്പോൾ തുടക്കത്തിൽ ഉണ്ടായിരുന്ന സമ്മർദ്ദം കുറഞ്ഞു വരികയും നമ്മളും ആ പ്രവർത്തിയും തമ്മിൽ ഒരു സ്വരലയം സംഭവിക്കുകയും ചെയ്യും. സുഖമുള്ള ഒരു ഹൃദ്യത നമ്മെ വന്നു പുല്കും. ധന്യമായ ആ അനുഭവമാണ് ഭക്തി. ശ്രദ്ധ ഭക്തിയായി മാറുന്ന കുളിർമ്മ. എന്തിനോടെങ്കിലുമുള്ള ഭക്തിയല്ല. ഇവിടെ, ഇപ്പോൾ കൊള്ളാം എന്ന് അകമേ ധ്വനിക്കുന്ന നാദമാണത്. ധ്യാനം ഭക്തിയെന്ന അനായാസത നമ്മെ വന്നു പുല്കിയാൽ പിന്നെ കർമ്മത്തിന് സൗമ്യശാന്തമായൊഴുകുന്ന അരുവിയുടെ ശീതളിമയാണ്. സമയം പോകുന്നത് അറിയില്ല. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നു എന്ന ഭാരമില്ല. നിർഭരമായ ഒരവസ്ഥ. അകമേ തെളിമയാർന്ന ശാന്തത. അതിനെ പേരിട്ടു വിളിക്കണമെന്ന് നിർബന്ധമെങ്കിൽ ധ്യാനം എന്ന് വിളിക്കാം. യോഗം ആ നിറനിലാവിൽ പിണങ്ങി നിന്നിരുന്ന ഇടങ്ങളെല്ലാം ഇണങ്ങി വരും. ശരീരം, മനസ്സ്, ബുദ്ധി, പ്രകൃതി എല്ലാം ഒരൊറ്റ പ്രവാഹത്തിലെ ഏകകങ്ങൾ മാത്രമാണെന്ന എളിമയും മഹിമയും നമ്മിൽ നിറയും. വേറെ വേറെയായിരിക്കുന്നതിലെല്ലാം ഒന്നായിരിക്കുന്ന കരുണയും കരുതലും സജീവമാകും. ഇവിടെ, ഇങ്ങനെ ആയിരുന്നാൽ മതി എന്ന ഒരു തൃപ്തി ശ്രുതിയായി പടരും. ശാന്തം. സമാധാനം. ഫോട്ടോ എടുത്തത്: Muhammed Siddiq

ഒരു എഴുത്തുകാരനാകുകയെന്നത് സ്വപ്നമേ ആയിരുന്നില്ല. വീട് വിട്ട് ഫേൺഹില്ലിലേക്ക് ബസ് കയറുമ്പോൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ എഴുതാനിടയായ പ്രബന്ധത്തിന്റെ പേപ്പറും സഞ്ചിയിൽ എടുത്തിട്ടു. എപ്പോഴെങ്കിലും ഗുരുവിന് അത് കാണിക്കണം എന്ന മോഹം തന്നെയായിരുന്നു കാരണം. മൂന്ന് ദിവസത്തെ കൺവെൻഷന് പങ്കെടുക്കാനായാണ് ഫേൺഹില്ലിലേക്ക് പോയത്. പിന്നെ അവിടെയങ്ങ് നിന്നു പോകാനിടയായി എന്ന് പറയുന്നതാകും ശരി. ഗുരുവിനോടൊപ്പം താമസം തുടങ്ങി ഒരു വർഷം കഴിഞ്ഞതിനുശേഷമാണ് പ്രബന്ധം ഗുരുവിനെ കാണിക്കാൻ അവസരമുണ്ടായത്. ഞാനും ഗുരുവിൻ്റെ പുസ്തകങ്ങളൊക്കെ വായിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആളാണെന്ന് ഗുരുവിനെ ബോധ്യപ്പെടുത്തേണ്ട ഒരു ഘട്ടം വന്നപ്പോഴാണ് അത് ഗുരുവിനെ കാണിച്ചത്. ഗുരുകുലത്തിലെ പ്രായം കുറഞ്ഞ അന്തേവാസികളിൽ ഒരാൾ എന്ന നിലയിൽ ഗുരുവിനൊപ്പം നിൽക്കാനുള്ള യോഗ്യത കുറവാണോ എന്ന തോന്നലിൽ നിന്നുണ്ടായ പ്രതികരണം എന്നു വേണമെങ്കിൽ പറയാം. പ്രബന്ധം വായിച്ച് ഒരിടത്തേക്ക് മാറ്റിവെച്ച് ഇനി നമുക്ക് കത്തെഴുതാം എന്നു പറഞ്ഞ് ഗുരു കത്തുകൾക്കുള്ള മറുപടി പറഞ്ഞു തുടങ്ങി. ഞാനാകെ വിയർത്തു പോയി. ഗുരുവിന് പ്രബന്ധം ഇഷ്ടമായില്ല എന്നു ബോധ്യമായി. അത് കാണിക്കേണ്ടിയിരുന്നില്ല, നാണക്കേടായിപ്പോയി. അങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോഴാണ് ത്യാഗീശ്വര സ്വാമി അകത്തേക്ക് കയറി വന്നത്. ഗുരു പറഞ്ഞു: ഇനി ഇയാൾ പൊയ്ക്കോളൂ, ഗിരി സ്വാമി എഴുതിക്കോളും. ഞാൻ നേരെ എഴുന്നേറ്റ് ഗുരുകുല വളപ്പിന്റെ ഒരറ്റത്തുള്ള ഇരിപ്പിടത്തിൽ പോയിരുന്നു. അങ്ങകലെ അവലാഞ്ചി മലനിരകളിൽ മേഘങ്ങൾ ഒഴുകി നടക്കുന്നതും നോക്കി ദീർഘശ്വാസം വിട്ടു. വേണ്ടായിരുന്നു വേണ്ടായിരുന്നു എന്ന് അകം വിതുമ്പി. സമയം പോയത് അറിഞ്ഞില്ല. പിന്നിൽ നിന്ന് വിളികേട്ട് തിരിഞ്ഞുനോക്കി. ഒരാൾ ചിരിച്ചുകൊണ്ട് നിൽക്കുന്നു. ഗുരു വിളിക്കുന്നുണ്ട്, പെട്ടെന്ന് ചെല്ലാൻ പറഞ്ഞു. എന്നെ പറഞ്ഞു വിടാനായിരിക്കും; ഞാൻ ഉറപ്പിച്ചു. ഗുരുവിൻ്റെ മുറിയിൽ കുറെ പേർ അങ്ങിങ്ങായിരിക്കുന്നു. ഞാൻ എഴുതിയ പ്രബന്ധത്തിന്റെ പേപ്പർ ഗുരുവിൻ്റെ കസേരയ്ക്ക് തൊട്ടടുത്തിരിക്കുന്ന സുരേഷച്ഛന്റെ കയ്യിലുണ്ട്. എല്ലാവരും എന്നെ കണ്ടപ്പോൾ ചിരിച്ചു. ഗുരു കസേരയിലേക്ക് ചാരിയിരുന്ന് എന്നോട് ചോദിച്ചു: എടോ ഷൗക്കത്തെ, താനീ എഴുതിയത് ഞാൻ പുസ്തകം ആക്കിക്കോട്ടെ? ഇയാൾക്ക് സമ്മതമാണോ? അടിമുടി ഒരു വെളിച്ചം വന്നു നിറഞ്ഞതുപോലെ എനിക്ക് തോന്നി. ഒരു വല്ലാത്ത തരിപ്പ്. വിശ്വസിക്കാനാകുന്നില്ല. ഇടറിയ സ്വരത്തിൽ ഞാൻ പറഞ്ഞു: അത് ഗുരുവിൻ്റെ തന്നെ വാക്കുകളാണ് ഞാൻ കൂട്ടിച്ചേർത്ത് എഴുതി എന്നേയുള്ളൂ. ഗുരുചിരിച്ചു എന്നിട്ട് സുരേഷേട്ടനിലേക്ക് തിരിഞ്ഞ് പറഞ്ഞു: ശരി പുസ്തകമാക്കാനുള്ള പണി തുടങ്ങിക്കോളൂ. എല്ലാവരും എഴുന്നേറ്റ് ഗുരുവിൻ്റെ മുറിവിട്ട് പുറത്തേക്ക് പോയി. പോകുന്ന വഴിയിൽ എൻ്റെ തോളിൽ തട്ടി എല്ലാവരും പറഞ്ഞു: വളരെ നന്നായിട്ടുണ്ട്. ഗുരുവിനെ ശരിക്കും മനസ്സിലാക്കി എഴുതിയിട്ടുണ്ട്. ഗുരുവിൻ്റെ ദർശനം ഈ കുഞ്ഞു പ്രബന്ധത്തിൽ കൃത്യമായി അവതരിപ്പിക്കാനായിട്ടുണ്ട്. ജീവിതത്തിൽ അതുവരെ അനുഭവിച്ച എല്ലാ സന്തോഷത്തേക്കാളും ഉയർന്ന ധന്യത അനുഭവിച്ച നിമിഷമായിരുന്നു അത്. ഗുരുവിൻ്റെ ആ അനുഗ്രഹമാണ് പിന്നീട് എഴുത്തുകാരനാകുക എന്ന സ്വപ്നം പോലുമില്ലാതിരുന്ന എൻ്റെ ഉള്ളിൽ ഒരു എഴുത്തുകാരനെ ചിറകുവിരിച്ച് പറക്കാൻ പ്രാപ്തനാക്കിയത്...

സര്‍വ്വതന്ത്രസ്വാതന്ത്ര്യം എന്ന മിഥ്യയും ബന്ധനമെന്ന തൃപ്തിയും സര്‍വ്വതന്ത്രസ്വാതന്ത്ര്യം! അതില്‍ കുറഞ്ഞതൊന്നും മനസ്സിലില്ലായിരുന്നു. അതിന് തടസ്സമായി വരുന്നതെല്ലാം ഒഴിവാക്കണം. അകറ്റി നിറുത്തേണ്ടതും അകന്നു നില്ക്കേണ്ടതും ഏറെയുണ്ടായിരുന്നു. വീടും നാടും വിട്ടിറങ്ങി ആകാശനക്ഷത്രങ്ങള്‍ക്കും താഴ്വരകള്‍ക്കും താഴെ മുഴുസ്വാതന്ത്ര്യത്തില്‍ നിന്നു. അന്നത്തിനോ വസ്ത്രത്തിനോ കിടക്കാനൊരിടത്തിനോ കുറവുണ്ടായിരുന്നില്ല. ആരോടും ഒന്നിനോടും ഉത്തരവാദിത്തമുണ്ടായിരുന്നില്ല. ഞാനും എന്‍റെ പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യവും! എന്നിട്ടോ?! സ്വാതന്ത്ര്യമുണ്ട്, ആനന്ദമുണ്ട്. പക്ഷെ, തൃപ്തിയില്ല. ആഴമേറിയ ഒരു വിങ്ങല്‍. അപൂര്‍ണ്ണത. വിഷാദാത്മകമായ ആനന്ദം... ഗുരു നിത്യയുടെ അടുത്തെത്തിയപ്പോള്‍ ക്ലാസ്സുകള്‍ക്കിടയില്‍ ഒരു വാചകം കേട്ടു: “ആഴംപോലെ പരപ്പും പ്രധാനമാണ്. കുഴല്‍ക്കിണറാകരുത്.” ആ ആഴ്ചയിലാണ് ഉമ്മയോടൊപ്പം മൂന്നു ദിവസം താമസിച്ചു വരാന്‍ പറഞ്ഞ് ഗുരു എന്നെ വീട്ടിലേക്കയക്കുന്നത്. എന്നിലേക്ക് ആഴ്ന്നു പോയിരുന്ന ഞാന്‍ ചുറ്റുപാടിലേക്കും പ്രസരിക്കാന്‍ തുടങ്ങിയത് അവിടം മുതലാണ്. അപ്പപ്പോള്‍ ചെയ്യേണ്ടത് ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ ശ്രമിക്കുക, പിന്നെ അതു വിടുക എന്നത് കുറേയൊക്കെ ശീലമായി. അത് പഴയതിനേക്കാള്‍ കുറച്ചുകൂടി തൃപ്തി പകരുന്ന ജീവിതത്തെ നല്കി. അങ്ങനെയിരിക്കെയാണ് ഉപ്പയുടെയും ഉമ്മയുടെയും എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ട സാഹചര്യം വന്നു ചേര്‍ന്നത്. അപ്പപ്പോള്‍ ചെയ്യേണ്ടതു ചെയ്ത് വിട്ടു കളയുക എന്നതിനു പകരം അവര്‍ എപ്പോഴും നെഞ്ചില്‍ നിറഞ്ഞു നിന്നു. അവരുടെ ആവശ്യങ്ങളിലേക്കുള്ള ശ്രദ്ധ മുറിയാതെ തങ്ങിനിന്നു. അത് അവരോടു മാത്രമല്ല സംഭവിച്ചത്. ഞാന്‍ ചേര്‍ന്നു നില്ക്കുന്നവരും എന്നോട് ഏതെങ്കിലും തരത്തില്‍ ചേര്‍ന്നു നില്ക്കുന്നവരും കരുതലോടെ ഉള്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളായി. ബന്ധനത്തിലേക്കും ജീവിതഭാരത്തിലേക്കും നയിക്കുമെന്ന് കരുതിയ ആ ഉത്തരവാദിത്തബോധവും അതിനനുസരിച്ചുള്ള ചിന്തയും വാക്കും പ്രവര്‍ത്തിയും നല്കിയത് അനിര്‍വ്വചനീയമായ നിര്‍വൃതിയായിരുന്നു. ജീവിക്കുന്നു എന്ന ധന്യതയായിരുന്നു. മുറിവില്ലാതെ തുടരുന്ന ഉത്തരവാദിത്തത്തിലാണ് സ്വാതന്ത്ര്യം തൃപ്തിയിലേക്കെത്തുകയെന്ന് ജീവിതം തൊട്ടുതന്നു. സര്‍വ്വതന്ത്രസ്വാതന്ത്ര്യമെന്നത് താല്പര്യമില്ലാത്ത വിഷയമായി. നമുക്ക് നമ്മളുമായും ചുറ്റുപാടുകളുമായും ഉത്തരവാദിത്തത്തോടെ ഇടപഴകാനാകുമ്പോഴാണ്, കരുണയും കരുതലും പ്രവര്‍ത്തിയിലേക്കൊഴുകിയെത്തുമ്പോഴാണ് ജീവിതം കൊള്ളാം! എന്ന് അകം ധ്വനിക്കുകയെന്ന് അനുഭവമായി... ഉത്തരവാദിത്തമില്ലാത്ത, കരുണയും കരുതലുമില്ലാത്ത, സ്വാതന്ത്ര്യവും സ്നേഹവും ആനന്ദവും വിരസമായ വിഷാദത്തിലേക്കും സൂക്ഷ്മമായ അഹന്തയിലേക്കും മാത്രമേ നയിക്കൂ എന്നും ഞാന്‍, എന്‍റെ എന്ന ലോകത്തുമാത്രം ഉടക്കിക്കിടക്കുന്ന മനസ്സിനെ മുക്തിയിലേക്കു നയിക്കാനുള്ള വഴി പുറത്തേക്കിറങ്ങി ആദ്യം കാണുന്നവരെ നോക്കി പുഞ്ചിരിച്ച് ചേര്‍ത്തു പിടിക്കലാണെന്നും തെളിഞ്ഞു.

മനുഷ്യരിലെ പതിനാലുതരത്തിലുള്ള വർഗ്ഗങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് ഇപ്രാവശ്യത്തെ നാഷണൽ ജ്യോഗ്രഫി മാസിക ഇറങ്ങിയിട്ടുള്ളത്. അതിന്റെ സംഗ്രഹം ഒരു സുഹൃത്ത് ഇന്ന് വിളിച്ച് പറഞ്ഞു തന്നു. അത് കേട്ടപ്പോൾ ആണെന്നും പെണ്ണെന്നും ഒക്കെ പുറം രൂപം നോക്കി നാം പറയുന്നുവെന്നല്ലാതെ പൂർണ്ണമായ ആണ്, പൂർണ്ണമായ പെണ്ണ് എന്നതൊക്കെ വെറും തോന്നലാണെന്ന് ബോദ്ധ്യമായി. ഇത് മനുഷ്യന്മാരുടെ മാത്രം കഥയല്ല. ചിത്രശലഭം മുതൽ സകലമാന ജീവികളിലുമുള്ള ട്രാൻസ്ജെൻഡറുകളുടെ കഥ അവർ വിശദമായി ചിത്ര സഹിതം എഴുതിയിട്ടുണ്ടത്രെ. ആൺ പെൺ സ്വഭാവങ്ങളുടെ മിശ്രിതമാണ് നാം ഓരോരുത്തരും. അതിൽ തന്നെ ശരീരികവും മാനസികവുമായ പൗരുഷ സ്ത്രൈണ ഭാവങ്ങളുണ്ട്. ശാരീരികമായി പരിപൂർണ്ണ പൗരുഷം നിറഞ്ഞ ആൾ മാനസികമായി തനി സ്ത്രീ ആയിരിക്കാം. അങ്ങനെ തിരിച്ചും ഉണ്ട്. എല്ലാ സ്ത്രൈണതയും നിറഞ്ഞ സ്ത്രീയുടെ മനസ്സ് തികച്ചും പൗരുഷമാകാം. നം വിചാരിക്കുന്നത്ര ലളിതമായി സ്ത്രീ, പുരുഷൻ എന്നീ രണ്ട് വർഗമാണുള്ളതെന്ന് പറഞ്ഞ് സമാധാനിക്കാനാവില്ല. ട്രാൻസ്ജെൻഡർ എന്നത് നമ്മിൽ പെടാത്ത വേറൊരു വർഗ്ഗം എന്നും പറഞ്ഞൊഴിയാനാവില്ല. അതിസങ്കീർണ്ണമായ ബോധശരീരത്തോടെയാണ് ഓരോ മനുഷ്യനും കഴിയുന്നതെന്നറിഞ്ഞാലേ ഓരോരുത്തരെയും ഓരോ വർഗ്ഗമായി കാണാൻ നമുക്കാവൂ. ഓരോ മനുഷ്യനും ഓരോ വർഗ്ഗമാണെന്നും ആകവേ നാം മനുഷ്യരാണെന്നുമുള്ള അറിവിലേക്കാണ് നാം ഉണരേണ്ടത്. ആണെന്നും പെണ്ണെന്നുമുള്ള നമ്മുടെ ആദ്യത്തെ വിഭജനത്തെ വീണ്ടും വീണ്ടും സൂക്ഷ്മമായി വിശകലനം ചെയ്തു ചെല്ലുമ്പോഴാണ് വിസ്മയകരമായ ലോകങ്ങൾ നമുക്ക് മുന്നിൽ വിരിഞ്ഞു വരിക. ഓരോ മനുഷ്യനും തികച്ചും തനിമയാർന്ന, വ്യത്യസ്തതയാർന്ന വ്യക്തിത്വങ്ങളാണെന്ന് അറിഞ്ഞു തുടങ്ങുക. അതെ, ഈ ഗവേഷകർക്കും ഒന്നേ നമ്മോടു പറയാനുള്ളൂ. ആകെ നമുക്ക് പറയാവുന്നത് നാമെല്ലാം മനുഷ്യവർഗ്ഗമാണ് എന്നു മാത്രം. മറ്റു വർഗ്ഗ വിഭജനങ്ങളെല്ലാം കേവലം സ്ഥൂലമായ വിശദീകരണങ്ങൾ മാത്രം.

ഒരൊറ്റ കാര്യമേ ഈ വിഷയത്തിൽ പറയാനുണ്ടായിരുന്നുള്ളൂ. അത് ഞാൻ എന്നോട് എപ്പോഴും ഓർമ്മിപ്പിക്കുന്നതും പലപ്പോഴും തോറ്റു പോകുന്നതുമായ കാര്യമാണ്. പ്രായത്തിൽ, അധികാരത്തിൽ, പ്രശസ്തിയിൽ, അറിവിൽ, ജാതിയിൽ, മതത്തിൽ, ദേശത്തിൽ, ലിംഗഭേദത്തിൽ, അങ്ങനെയങ്ങനെ എന്തിലെങ്കിലും നമ്മേക്കാൾ കുറഞ്ഞവരെന്ന് നമുക്ക് തോന്നുന്നവരോട് മര്യാദയോടെ പെരുമാറാൻ, ശ്രദ്ധയോടെ അവരെ കേൾക്കാൻ, അമർഷമില്ലാതെ പ്രതികരിക്കാൻ കഴിയുന്നിടത്തേ നാം സമ്യക്കായ ലോകവീക്ഷണമുള്ളവരാകുന്നുള്ളൂ. അതിന് എല്ലാവരും നമ്മെപ്പോലെ സ്വതന്ത്രരായ വ്യക്തികളാണെന്ന് നാം നമ്മെ പറഞ്ഞ് പഠിപ്പിക്കേണ്ടി വരും. സ്വാഭാവികമായി നാം അങ്ങനെയല്ല. ആർക്കൊക്കെയോ മുകളിലോ താഴെയോ ആയാണ് നാം നമ്മെ പ്രതിഷ്ഠിച്ചിട്ടുള്ളത്. സമ്യക്കായ എന്നാൽ സമഗ്രമായ, ഏകീകൃതമായ, മുറിച്ചുമാറ്റാത്ത എന്നൊക്കെയാണ് അർത്ഥം. അങ്ങനെയുള്ള ഒരു ജീവിതവീക്ഷണം ജീവിതമായി മാറണമെങ്കിൽ നാം അത്രമാത്രം നമ്മോട് സമരം ചെയ്യേണ്ടി വരും. എങ്കിലേ നമുക്ക് ആരുമായും സഹകരിക്കാനാകൂ.. ഏറ്റവും ചുരുങ്ങിയത് നമുക്കു മുന്നിൽ വന്ന് വർത്തമാനം പറയുന്ന നമ്മുടെ പ്രിയപ്പെട്ട മക്കൾ പറയുന്നത് വിധിക്കാതെ, ഇടയിൽ കയറി തടയാതെ, മുഴുവനായും കേൾക്കാനുള്ള മനസ്സും ക്ഷമയും നമുക്കാണ്ടായാൽ അതു തന്നെയാണ് ആ മഹത്തായ ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്...

യതി: വെളിച്ചം വിതറുന്ന വിചാരങ്ങൾ എന്ന പുസ്തകത്തിൽ നിന്ന് .. 1. മനസ്സും സ്വാസ്ഥ്യവും ചോദ്യം: മനസ്സ് എപ്പോഴും അസ്വസ്ഥമാണ്. ഇതിൽനിന്നും രക്ഷപെടാൻ എന്തുചെയ്യണം? ഗുരു: "മനസ്സ് ഉണ്ടെന്നു വിചാരിക്കുകയും മനസ്സിനെ താലോലിക്കുകയും അല്ലെങ്കിൽ തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന കാലംവരെ മനസ്സ് അസ്വസ്ഥമായിരിക്കും. അതിന്റെകൂടെ പല ഇരുണ്ടശക്തികളും കൂടെക്കയറി ജീവിതം നിരാശയിലേക്ക് വലിച്ചിഴക്കും. ആകാശംപോലെയാണ് മനസ്സ് എന്നുകരുതി വിട്ടുകളഞ്ഞാൽ പിന്നെ എല്ലാം ശാന്തംതന്നെ." എത്ര ലളിതമായും വിശാലമായുമാണ് ഗുരു മറുപടി പറയുന്നത്. ജീവിതത്തിൽ ഒരു ദുഃഖമുണ്ടാകുമ്പോൾ അതിനെ ചിന്തകൊണ്ടും വിലാപംകൊണ്ടും താലോലിക്കുകയെന്ന സ്വഭാവമാണ് നമ്മെ കൂടുതലും നയിക്കുന്നത്. ആ ദുഃഖത്തിൽനിന്ന് മാറിയിരിക്കുകയെന്ന മനോഭാവത്തിലേക്കല്ല നാം പോകുക. ആ ദുഃഖത്തിൽതന്നെ അഭിരമിച്ച് അതിനുള്ള പരിഹാരം അതിൽതന്നെ തേടി വിഷാദിച്ചിരിക്കുകയെന്നതാണ് നമ്മുടെ പ്രകൃതം. ഇവിടെ ഇതിനൊരു പരിഹാരം, തിരുത്തൽ വരുത്തിയിട്ടേ ഞാൻ എഴുന്നേല്ക്കുകയുള്ളൂ എന്നതാണ് വിലാപം. ഇതെല്ലാം ഇരുളാർന്ന ചളിക്കുണ്ടിലേക്ക് നമ്മെ കൂടുതൽ താഴ്ത്തിക്കൊണ്ടുപോകുകയേയുള്ളൂ എന്നാണ് ഗുരു പറയുന്നത്. മനസ്സ് അസ്വസ്ഥമായാൽ ആദ്യം ചെയ്യേണ്ടത് ആ ഇടത്തുനിന്ന് മാറിനില്ക്കുകയാണ്. തുടർന്നു ചെയ്യേണ്ടത് പ്രസന്നത നല്കുന്ന ഏതെങ്കിലും ലോകങ്ങളിൽ വ്യാപരിക്കലാണ്. നമ്മെ അസ്വസ്ഥപ്പെടുത്തിയ വിഷയത്തിനുമുകളിലുള്ള ധ്യാനം അവസാനിപ്പിച്ച് മറ്റൊരു വിഷയത്തിലേക്ക് അത് തിരിച്ചുവിടലാണ്. ആ മാറിയിരിക്കൽ, തെളിച്ചമുള്ള വിഷയത്തിലുള്ള സഞ്ചാരം അസ്വസ്ഥതകൊണ്ട് ഇടുങ്ങിപ്പോയ ബോധത്തെ വികാസമുള്ളതാക്കും. പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അസ്വസ്ഥത ഒഴുകിമറയുന്നത് നാം അനുഭവിക്കും. സമയംകൊടുക്കാൻ തയ്യാറാകുന്നിടത്ത് ഒഴിഞ്ഞുപോകുന്നതാണ് പല അസ്വാസ്ഥ്യങ്ങളുമെന്ന് നാം അനുഭവിച്ചറിയും. നില്ക്കുന്നിടത്തുതന്നെ നിന്നാൽ നില്ക്കുന്നിടം ഉറച്ചുപോകുകയേയുള്ളൂവെന്ന് നാം അറിയേണ്ടതുണ്ട്. നടന്നുകൊണ്ടേയിരിക്കുന്നിടത്തേ വിശാലത സംഭവിക്കുകയുള്ളൂ. ഇരുട്ടിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നാൽ ഇരുട്ടു കൂടുകയേയുള്ളൂ. അവിടെ ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുകയോ എഴുന്നേറ്റ് വെളിച്ചത്തിലേക്കു നടക്കുകയോ ആണ് വേണ്ടത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഇത് സാദ്ധ്യമാണെങ്കിലും സാമൂഹികതയിലെ അക്രമപരത ഉണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളെ എങ്ങനെ അതിജീവിക്കുമെന്നത് വലിയൊരു പ്രഹേളിക തന്നെയാണ്. അതത്ര എളുപ്പമല്ലെന്ന് നമുക്കെല്ലാം അറിയാമെങ്കിലും അതുണ്ടാക്കുന്ന മുറിവിന്റെ നോവിൽനിന്ന് നമുക്ക് പുറത്തുവരാതെ വയ്യ. കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മാറിനില്ക്കാവുന്ന പ്രശ്നമല്ല അത്. ഇന്നല്ലെങ്കിൽ നാളെ അതിന്റെ തീനാളം നമ്മെ പൊള്ളിക്കുകതന്നെ ചെയ്യും. തികച്ചും സ്വകാര്യമായ താല്പര്യങ്ങളിൽമാത്രം അഭിരമിക്കുന്ന ബോധത്തെ സാമൂഹികവും പ്രാപഞ്ചികവുമായ ലോകങ്ങളിലേക്ക് വികസിപ്പിച്ചുകൊണ്ടുവരികയെന്നതാണ് വഴി. അങ്ങനെയൊരു വികാസം നമ്മിൽ സംഭവിച്ചാൽ വ്യക്തിപരമായ പ്രശ്നങ്ങള് പലതും അവിടെ ഒഴുകിമറയുന്നത് നമുക്ക് അനുഭവിക്കാനാകും. ഉത്തരവാദിത്തമെന്നത് ചുറ്റുപാടിനോടുകൂടി ഉണ്ടാകേണ്ടതാണെന്ന അവബോധവും ആ അറിവോടു ചേർന്നുള്ള പ്രവൃത്തിയും നല്കുന്ന സജീവത നമ്മിൽ നിറയ്ക്കുന്ന ധന്യത ആഴമേറിയതാണ്. 2. യുവതലമുറയുടെ ആലസ്യം ചോദ്യം: എന്നെപ്പോലെയുള്ള ധാരാളം കുട്ടികൾ വിദ്യാസമ്പന്നരായി പുറത്തിറങ്ങുന്നു. തൊഴിൽ രഹിതമായ ഈ യുവതലമുറയുടെ ഭാവി എന്താണ്? ഗുരു: "വിദ്യാസമ്പന്നരെന്ന് നാം കരുതുന്നവർ യഥാർത്ഥമായ അറിവ് എന്തെന്ന് അന്വേഷിക്കുവാൻ കഴിഞ്ഞിട്ടില്ലാത്തവരാണ്. കേട്ടുകേൾവികൾ മാത്രമാണ് അവരുടെ വിദ്യാഭ്യാസം. സ്വന്തമായ മൂല്യവിവേചനവും ജീവിതോദ്ദേശ്യവുമുണ്ടെങ്കിൽ അവർ ആരുടേയും അടിമകളായി ജീവിക്കുകയില്ല. ഏറ്റവും നല്ല തൊഴിൽ ഒരുവൻ തനിക്കുതന്നെ ഉണ്ടാക്കികൊടുക്കുന്നതാണ്. എനിക്കിപ്പോൾ എഴുപത്തിനാലു വയസ്സായി. കാലത്ത് അഞ്ചുമണിക്ക് എഴുന്നേൽക്കും. രാത്രി പത്തുമണിക്ക് കിടക്കും. ധാരാളം ജോലിയുണ്ട്. ആരും തരുന്ന ജോലിയല്ല. അനേഷണത്തിനിടയിൽ അറിയാനും അറിയിക്കാനുമുള്ള ത്വരയാണത്. നമ്മുടെ നാട്ടിലെ മിക്ക യുവാക്കന്മാരും നാല്പതിലോട്ട് അടുക്കുമ്പോൾതന്നെ അകാലവാർദ്ധക്യമുള്ളവരായി പരാവശ്യത്തിലേക്ക് വീണുപോകും." പ്രസിദ്ധനായ ഒരു സിനിമാ സംവിധായകനോട് ഇന്റർവ്യു ചെയ്യുന്നയാൾ ചോദിച്ചു: നിങ്ങൾ ഏറ്റവും വെറുക്കുന്ന ശത്രുവിന് എന്തു ശിക്ഷവേണമെങ്കിലും നല്കാനുള്ള അധികാരം നിങ്ങൾക്കു നല്കിയാൽ എന്തായിരിക്കും വിധിക്കുക? രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹം പറഞ്ഞു: അയാൾക്ക് ചെയ്യാനായി ഒന്നുമില്ലാതിരിക്കട്ടെ എന്നായിരിക്കും ഞാൻ വിധിക്കുക. അതെ. ഒന്നും ചെയ്യാതെ ശൂന്യമായിരിക്കുന്ന മനസ്സ് ചെകുത്താന്റെ വിളനിലമെന്നാണ് പറയുക. ഒന്നും ചെയ്യാനില്ലെന്നു പറയുന്നത് അന്ധതകൊണ്ടുമാത്രമാണ്. നമുക്ക് ചെയ്യാനായി എന്തൊക്കെയോ ചുറ്റുമുണ്ട്. ജീവിതോപാധിയായി മാറാൻ അതു സഹായിക്കുകയുംചെയ്യും. എന്നാൽ നാം നിശ്ചയിച്ചിട്ടുള്ള, സമൂഹം തീരുമാനിച്ചുറപ്പിച്ചിട്ടുള്ള ചിലത് ചെയ്താൽ മാത്രമേ അതു ജോലിയാകുകയുള്ളൂ എന്നു തീരുമാനിക്കുന്നിടത്താണ് പ്രശ്നം. അവിടെയാണ് നമുക്ക് തിരുത്തൽ വേണ്ടത്. വൈറ്റ് കോളർ ജോബിന്റെ കാലം കഴിഞ്ഞു. അതിനുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം ആവശ്യത്തേക്കാൾ പതിന്മടങ്ങാണ്. എന്നാൽ പല ജോലികളും ആളില്ലാതെ മുടങ്ങിക്കിടക്കുന്നുണ്ട്. അതു ചെയ്യാൻ നാം തയ്യാറുമല്ല. ഇവിടെയാണ് സാദ്ധ്യതകളെ കണ്ണുതുറന്നു കാണാതിരിക്കുകയും എനിക്കു ജീവിക്കാൻ ഒരു വഴിയുമില്ലെന്നു വിലപിക്കുകയും ചെയ്യുന്ന നിരർത്ഥകതയെ നാം കാണേണ്ടത്. അത്തരം വിലാപങ്ങളിൽനിന്ന് ഉണർന്നെഴുന്നേറ്റ് അവനവന്റെ കഴിവിനനുസരിച്ചുള്ള സർഗാത്മകമായ ഒരു വഴി കണ്ടെത്തുകയാണ് വേണ്ടത്. വഴികൾ അനേകമുണ്ട്. ഞാൻ നിശ്ചയിച്ചുറപ്പിച്ച വഴി മാത്രമേ തിരഞ്ഞെടുക്കൂ, തിരഞ്ഞെടുക്കാവൂ എന്ന ദുരഭിമാനംകൂടി നമ്മുടെ കഷ്ടപ്പാടിനു പിന്നിലുണ്ടെന്ന കാര്യം നാം കാണാതെപോകരുത്. കേരളത്തിൽ ആ ദുരഭിമാനം അല്പം കൂടുതലുമാണ്. കൈത്തൊഴിലെന്നത് താഴേക്കിടയിലുള്ള ആർക്കൊക്കെയോ വേണ്ടിയുള്ളതു മാത്രമാണെന്നാണ് നമ്മുടെ ധാരണ. ഡിഗ്രിയെടുത്താൽപിന്നെ അങ്ങനെയുള്ള ജോലിസാദ്ധ്യതകളെകുറിച്ച് ചിന്തിക്കുന്നതുപോലും നമുക്ക് ലജ്ജാകരമാണ്. കഴിഞ്ഞ മുപ്പത്തഞ്ചോളം വർഷമായി ഗുരുകുലത്തിൽ വരുന്ന പീറ്റർ ഓപ്പൺ ഹൈമറിനെയാണ് ഓർക്കുന്നത്. അദ്ദേഹം അമേരിക്കക്കാരനാണ്. ഗുരു നിത്യയുടെ ശിഷ്യനാണ്. മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ആറുമാസം കേരളത്തിലും ആറുമാസം അമേരിക്കയിലുമായാണ് വാസം. എന്താണദ്ദേഹത്തിന്റെ ജീവനോപാധിയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഒരിക്കൽ നേരിട്ടു ചോദിക്കുകയും ചെയ്തു. ആറുമാസം അമേരിക്കയിലുള്ളപ്പോൾ വിദ്യാർത്ഥികൾക്കായി ക്യാമ്പുകൾ നടത്തും. ക്ലാസ്സെടുക്കുന്നതോടൊപ്പം അവർ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകലുൾപ്പടെ പല ജോലികളും അദ്ദേഹംതന്നെ ചെയ്യും. അപ്പോൾ അതിന്റെ കൂലിയും അദ്ദേഹത്തിനുതന്നെ കിട്ടും. അദ്ധ്യാപകനും പ്യൂണുമെല്ലാം അദ്ദേഹംതന്നെ. അങ്ങനെ സമ്പാദിക്കുന്ന പണവുമായാണ് അദ്ദേഹം കേരളത്തിൽവന്ന് ആറുമാസം കഴിയുക. നമുക്കിത് ആലോചിക്കാൻ കഴിയുമോ? ഇല്ല. അതുകൊണ്ടാണ് ഈ അറുപത്തിയഞ്ചാം വയസ്സിലും അദ്ദേഹത്തിന് തൃപ്തിയോടെ കഴിയാനാകുന്നതും മുപ്പതുകഴിഞ്ഞ നമ്മുടെ യുവാക്കൾക്ക് ജോലിയില്ലെന്ന വിലാപത്തിൽ മുങ്ങിക്കിടക്കേണ്ടി വരുന്നതും. അഭിമാനമെന്നും ദുരഭിമാനമെന്നുമുള്ള മനോഭാവങ്ങളിൽനിന്നും മനസ്സിനെ നിവർത്തിച്ച് ജീവനമെന്ന സാധാരണത്വത്തിലേക്ക് വളരാനായാൽ പിന്നെ എല്ലാം സുഗമമാകും. അവികസിത രാജ്യമോ ദരിദ്രരാജ്യമോ എന്നുപോലും പറയാനാവാത്ത അവസ്ഥയിലുള്ള നമ്മുടെ നാട്ടിലെ വീടുകളിൽ വീട്ടുജോലിക്ക് ആളെ അന്വേഷിക്കുമ്പോൾ വികസിതരാജ്യങ്ങളിൽ വീടുകളിലെ അടുക്കളജോലിയുൾപ്പടെ എല്ലാം വീട്ടുകാർതന്നെയാണ് ചെയ്യുന്നതെന്നത് നമുക്കു മറക്കാതിരിക്കാം. 3. വേറെയൊരാളായി മാറാൻ ശ്രമിക്കാതിരിക്കുക. ചോദ്യം: നല്ലൊരു ഉപദേശം തരുമോ? ഗുരു: വേറെയൊരാളായി മാറാൻ ശ്രമിക്കാതിരിക്കുക. ചെടിയിൽ അതിന്റേതായ പൂക്കളും ഇലകളും പഴങ്ങളും ഉണ്ടാകുന്നതുപോലെ സ്വന്തം തനിമകൊണ്ട് ലോകത്തിന് ഒരു അർത്ഥംകൂടി സംഭാവന ചെയ്യുക." ഇതല്ലാതെ എന്തുപദേശമാണ് ഒരു ഗുരുവിന് നല്കാനാകുക. നീ നിനക്കു വെളിച്ചമാകുകയെന്ന് ബുദ്ധൻ പറഞ്ഞതും അതുതന്നെ. ഏതൊക്കെയോ ആശയത്തിലേക്ക്, ആരൊക്കെയോ പറഞ്ഞ മാതൃകകളിലേക്ക്, എവിടെയൊക്കെയോ ജീവിച്ച വ്യക്തിത്വങ്ങളിലേക്ക് നമ്മുടെ തനിമയെ വിധേയപ്പെടുത്തിക്കൊടുക്കേണ്ടി വരുന്ന ദുരിതംപേറുന്നവരാണ് മനുഷ്യരിലേറെപ്പേരും. അവരവരായിരിക്കാൻ അനുവദിക്കാത്ത ഒരു സാമൂഹികതയിൽ അങ്ങനെയാകാൻ നടത്തുന്ന ഒരോ ചുവടും സമരമാണ്. അതു നമുക്ക് ആദ്യം ചെയ്യേണ്ടിവരുന്നത് നമ്മോടുതന്നെയാണ്. കാരണം നാം തന്നെയാണ് നമ്മെ ആരെല്ലാമോ എന്തെല്ലാമോ ആക്കാൻ വെപ്രാളപ്പെടുന്നവർ. ആദ്യം മുക്തി ലഭിക്കേണ്ടത് അബദ്ധത്തിൽ അകമേ കയറിപ്പറ്റിയിട്ടുള്ള ആ ധാരണയിൽനിന്നാണ്. ജിദ്ദു കൃഷ്ണമൂർത്തിയൊക്കെ പറയുന്നതുപോലെ; അറിഞ്ഞതിൽനിന്നുള്ള മോചനമാണ് ആദ്യത്തെയും അവസാനത്തെയും പടി. ആദ്യചുവട് തുടങ്ങേണ്ടത് നാം നമുക്കു നല്കിയ ആ സങ്കല്പലക്ഷ്യത്തിൽനിന്നുതന്നെയാണ്. എനിക്കു ഞാനാകണം, എന്റെ അകമേയെരിയുന്ന അഗ്നിയ്ക്കൊപ്പം ആളണം, അതെനിക്ക് എന്നെ തൊടാനുള്ള വഴിയാകണമെന്നൊക്കെ നാം നമ്മോടു പറഞ്ഞുതുടങ്ങണമെങ്കിൽ ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞുവെച്ചിട്ടുള്ള ജീവിതവഴികളെയും ലക്ഷ്യങ്ങളെയും അപ്പാടെ ഹൃദയത്തിലേറ്റുന്നതിനുമുമ്പ് അത് ജന്മസിദ്ധമായി തന്നിൽവന്നുഭവിച്ച സ്വഭാവത്തോട് ഒത്തുപോകുന്നതാണോ എന്നു പരിശോധിക്കാനുള്ള മനസ്സുണ്ടാകണം. തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും തന്റെ സമാധാനത്തിന് സഹായകരമാകുന്നതുമാത്രം സ്വീകരിക്കുകയാണ് വേണ്ടത്. ഇനി അങ്ങനെയൊന്നില്ലെങ്കിൽ സ്വന്തമായ വഴികൾ വെട്ടിത്തെളിക്കുകയാണ് ചെയ്യേണ്ടത്. അതാണ് ധീരത. തന്റേടം. തന്റേതായ ഇടത്തിൽ താനായിനിന്ന് ധീയിൽ, ബുദ്ധിയിൽ സന്തോഷിക്കുക എന്നർത്ഥം.

പണത്തിലും പ്രശസ്തിയിലും അധികാരത്തിലും ബുദ്ധിയിലും നമുക്ക് താഴെയെന്ന് തോന്നുന്നവരോട് സ്വാഭാവികമായി തോന്നുന്ന ആധിപത്യ സ്വഭാവം പുറത്തേക്ക് ഒഴുകാതിരിക്കാൻ ശ്രദ്ധിക്കുകയും അവരോട് തുല്യതയോടെ പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നിടത്ത് ഒരാൾ ആത്മീയനായി തുടങ്ങുന്നു എന്നു പറയാം. ജീവന്റെ , ജീവിതത്തിന്റെ സ്പിരിറ്റിൽ തൊട്ടു തുടങ്ങുന്നത് അവിടെയാണ്. അതു തന്നെയാണ് സ്പിരിച്വാലിറ്റി. ആകപ്പാടെ വിഷണ്ണനായി നടന്നു പോകുന്ന ഒരാളോട് എതിരെ വരുന്ന ഒരാൾ ചുമ്മാ ഒന്നു പുഞ്ചിരിച്ചാൽ അടിമുടി തെളിഞ്ഞതു പോലുള്ള ആശ്വാസമാണ്. ഞാനും എന്റെ സംഘർഷവും മാത്രമുണ്ടായിരുന്നിടത്ത് ചുറ്റുപാടുകളെല്ലാം വന്നു നിറയുന്നു. ഒരു പ്രസരിപ്പ് വന്നു പുല്കുന്നു. എല്ലാറ്റിനോടും സ്നേഹം. സൗഹൃദം. കുറച്ചു നേരത്തേക്കാണെങ്കിലും ആ ഒരു വെറും പുഞ്ചിരിക്ക് പകരാനായ സ്പർശം തന്നെയാണ് ആത്മീയത.

സര്‍വ്വതന്ത്രസ്വാതന്ത്ര്യം എന്ന മിഥ്യയും ബന്ധനമെന്ന തൃപ്തിയും സര്‍വ്വതന്ത്രസ്വാതന്ത്ര്യം! അതില്‍ കുറഞ്ഞതൊന്നും മനസ്സിലില്ലായിരുന്നു. അതിന് തടസ്സമായി വരുന്നതെല്ലാം ഒഴിവാക്കണം. അകറ്റി നിറുത്തേണ്ടതും അകന്നു നില്ക്കേണ്ടതും ഏറെയുണ്ടായിരുന്നു. വീടും നാടും വിട്ടിറങ്ങി ആകാശനക്ഷത്രങ്ങള്‍ക്കും താഴ്വരകള്‍ക്കും താഴെ മുഴുസ്വാതന്ത്ര്യത്തില്‍ നിന്നു. അന്നത്തിനോ വസ്ത്രത്തിനോ കിടക്കാനൊരിടത്തിനോ കുറവുണ്ടായിരുന്നില്ല. ആരോടും ഒന്നിനോടും ഉത്തരവാദിത്തമുണ്ടായിരുന്നില്ല. ഞാനും എന്‍റെ പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യവും! എന്നിട്ടോ?! സ്വാതന്ത്ര്യമുണ്ട്, ആനന്ദമുണ്ട്. പക്ഷെ, തൃപ്തിയില്ല. ആഴമേറിയ ഒരു വിങ്ങല്‍. അപൂര്‍ണ്ണത. വിഷാദാത്മകമായ ആനന്ദം... ഗുരു നിത്യയുടെ അടുത്തെത്തിയപ്പോള്‍ ക്ലാസ്സുകള്‍ക്കിടയില്‍ ഒരു വാചകം കേട്ടു: “ആഴംപോലെ പരപ്പും പ്രധാനമാണ്. കുഴല്‍ക്കിണറാകരുത്.” ആ ആഴ്ചയിലാണ് ഉമ്മയോടൊപ്പം മൂന്നു ദിവസം താമസിച്ചു വരാന്‍ പറഞ്ഞ് ഗുരു എന്നെ വീട്ടിലേക്കയക്കുന്നത്. എന്നിലേക്ക് ആഴ്ന്നു പോയിരുന്ന ഞാന്‍ ചുറ്റുപാടിലേക്കും പ്രസരിക്കാന്‍ തുടങ്ങിയത് അവിടം മുതലാണ്. അപ്പപ്പോള്‍ ചെയ്യേണ്ടത് ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ ശ്രമിക്കുക, പിന്നെ അതു വിടുക എന്നത് കുറേയൊക്കെ ശീലമായി. അത് പഴയതിനേക്കാള്‍ കുറച്ചുകൂടി തൃപ്തി പകരുന്ന ജീവിതത്തെ നല്കി. അങ്ങനെയിരിക്കെയാണ് ഉപ്പയുടെയും ഉമ്മയുടെയും എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ട സാഹചര്യം വന്നു ചേര്‍ന്നത്. അപ്പപ്പോള്‍ ചെയ്യേണ്ടതു ചെയ്ത് വിട്ടു കളയുക എന്നതിനു പകരം അവര്‍ എപ്പോഴും നെഞ്ചില്‍ നിറഞ്ഞു നിന്നു. അവരുടെ ആവശ്യങ്ങളിലേക്കുള്ള ശ്രദ്ധ മുറിയാതെ തങ്ങിനിന്നു. അത് അവരോടു മാത്രമല്ല സംഭവിച്ചത്. ഞാന്‍ ചേര്‍ന്നു നില്ക്കുന്നവരും എന്നോട് ഏതെങ്കിലും തരത്തില്‍ ചേര്‍ന്നു നില്ക്കുന്നവരും കരുതലോടെ ഉള്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളായി. ബന്ധനത്തിലേക്കും ജീവിതഭാരത്തിലേക്കും നയിക്കുമെന്ന് കരുതിയ ആ ഉത്തരവാദിത്തബോധവും അതിനനുസരിച്ചുള്ള ചിന്തയും വാക്കും പ്രവര്‍ത്തിയും നല്കിയത് അനിര്‍വ്വചനീയമായ നിര്‍വൃതിയായിരുന്നു. ജീവിക്കുന്നു എന്ന ധന്യതയായിരുന്നു. മുറിവില്ലാതെ തുടരുന്ന ഉത്തരവാദിത്തത്തിലാണ് സ്വാതന്ത്ര്യം തൃപ്തിയിലേക്കെത്തുകയെന്ന് ജീവിതം തൊട്ടുതന്നു. സര്‍വ്വതന്ത്രസ്വാതന്ത്ര്യമെന്നത് താല്പര്യമില്ലാത്ത വിഷയമായി. നമുക്ക് നമ്മളുമായും ചുറ്റുപാടുകളുമായും ഉത്തരവാദിത്തത്തോടെ ഇടപഴകാനാകുമ്പോഴാണ്, കരുണയും കരുതലും പ്രവര്‍ത്തിയിലേക്കൊഴുകിയെത്തുമ്പോഴാണ് ജീവിതം കൊള്ളാം! എന്ന് അകം ധ്വനിക്കുകയെന്ന് അനുഭവമായി... ഉത്തരവാദിത്തമില്ലാത്ത, കരുണയും കരുതലുമില്ലാത്ത, സ്വാതന്ത്ര്യവും സ്നേഹവും ആനന്ദവും വിരസമായ വിഷാദത്തിലേക്കും സൂക്ഷ്മമായ അഹന്തയിലേക്കും മാത്രമേ നയിക്കൂ എന്നും ഞാന്‍, എന്‍റെ എന്ന ലോകത്തുമാത്രം ഉടക്കിക്കിടക്കുന്ന മനസ്സിനെ മുക്തിയിലേക്കു നയിക്കാനുള്ള വഴി പുറത്തേക്കിറങ്ങി ആദ്യം കാണുന്നവരെ നോക്കി പുഞ്ചിരിച്ച് ചേര്‍ത്തു പിടിക്കലാണെന്നും തെളിഞ്ഞു. photo by Biju Ibrahim

ചെറുപ്പത്തിൽ വർഷത്തിൽ രണ്ടു പ്രാവശ്യമാണ് സിനിമയ്ക്ക് പോകാൻ അവസരം കിട്ടാറ്. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും. വീട്ടിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയുള്ള പാവറട്ടി ജേസൺ തിയ്യേറ്ററിൽ കളിക്കുന്ന സിനിമയാണ് കൂടുതലും കണ്ടിട്ടുള്ളത്. സിനിമ കണ്ട് തിരിച്ചു വരുമ്പോൾ പാവറട്ടി ടൗണിലെ ജോസ് ഹോട്ടലിൽ നിന്ന് ഒരു മസാല ദോശയും കഴിക്കും. ബസ്സിലാണ് യാത്ര. തിയ്യേറ്റർ എത്തുന്നതിന് തൊട്ടു മുമ്പുള്ള സ്റ്റോപ്പിൽ നിന്ന് ഇരുന്നൂറോളം മീറ്റർ അകത്തേക്ക് ഒരു മൺ വഴിയുണ്ട്. ഇരുഭാഗത്തും തെങ്ങിൻ തോപ്പ്. ആ വഴി അവസാനിക്കുന്നത് ഒരു പഴയ തറവാട്ടിലാണ്. തുറന്നിട്ട വാതിൽ. അകത്തെ ഹാളിൽ ഒരു ദീപം. ഒരിക്കലും അണയാതെ കാക്കുന്ന ദീപം. ബസ്സ് അവിടെ നിറുത്തുമ്പോഴെല്ലാം തല പുറത്തേക്കിട്ട് അങ്ങോട്ടു നോക്കും. എല്ലാ യാത്രയിലും ആ മുനിഞ്ഞു കത്തുന്ന തെളിദീപം കാണാറുണ്ട്. അത് കാണുമ്പോൾ ആ കുഞ്ഞു മനസ്സിൽ വലിയ സന്തോഷമായിരുന്നു. കണ്ണിനൊക്കെ തിളക്കം കൂടിയതുപോലുള്ള കുളിർ ... പെരുന്നാളിന് കുളിച്ച് പുതുവസ്ത്രം ധരിച്ച് പള്ളിയിൽ പോയി നിസ്ക്കരിച്ച്, വീട്ടിലെത്തി നെയ്ച്ചോറ് കഴിച്ച്, സിനിമ തിയ്യേറ്ററിലേക്ക് ധൃതിയിൽ പോയി, ക്യൂവിൽ നിന്ന് ഞെരുങ്ങി ടിക്കറ്റെടുത്ത് സിനിമ കണ്ട് , പോകുമ്പോഴും വരുമ്പോഴും ആ തറവാട്ടിലെ ദീപ ദർശനം അനുഭവിച്ച്, ടൗണിൽ നിന്ന് മസാല ദോശ കഴിച്ച് വീട്ടിലെത്തി, രാത്രിയിലങ്ങനെ ഉള്ളിലെ സന്തോഷം അനുഭവിച്ചു തീരാതെ, ഉറങ്ങി തീർക്കാൻ മനസ്സില്ലാതെ മലർന്നു കിടക്കുമ്പോൾ ജീവിതം പൂർണ്ണമായും പുഷ്പിച്ച ധന്യതയായിരുന്നു .. വർഷങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു. തിയ്യേറ്ററും മസാല ദോശ കഴിച്ച ഹോട്ടലും മാറി മറിഞ്ഞു. ആ തറവാട്ടിലേക്കുള്ള വഴിയും ഹാളിൽ മുനിഞ്ഞു കത്തുന്ന ദീപവും ഇന്നും അങ്ങനെ തന്നെയുണ്ട്. രണ്ടു മാസം മുമ്പ് അതിലെ ഡ്രൈവ് ചെയ്തു പോകുമ്പോൾ വണ്ടി നിറുത്തി ആ ദീപത്തിലേക്ക് ഹൃദയം കൊരുത്ത് കുറേ നേരം ഇരുന്നു. നാല്പതു വർഷം മുമ്പ് കണ്ടുതുടങ്ങിയ ആ ദീപത്തോളം വെളിച്ചത്തോടെ മറ്റൊന്നും ഇത്രയും കാലം എന്നിൽ മുറിയാതെ പുലർന്നിട്ടില്ലെന്ന് അനുഭവിച്ച നിമിഷം. വെളിച്ചമേ നീ എന്നും എനിക്ക് വഴിയാകുക എന്ന മന്ത്രധ്വനി ഹൃദയത്തിൽ നിറഞ്ഞങ്ങനെ ..

© 2024, Shoukath.in
All Rights Reserved. Crafted by YNOT